ഒരു യാത്ര

Standard

രാവിലെ നേരത്തെ തന്നെ നാട്ടില്‍ നിന്നും പുറപ്പെട്ടത്‌ കൊണ്ടാണെന്ന് തോന്നുന്നു, എനിക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. എങ്കിലും ഞാന്‍ കണ്ണുകള്‍ തുറന്നു പിടിച്ചു തന്നെ അവരേയും പ്രതീക്ഷിച്ചു നിന്നു. ‘സാര്‍ ഒറ്റക്കാവുമോ വരിക?’. കുറച്ചു കാലങ്ങള്‍ ആയി അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ മിക്കപ്പോഴും ഒറ്റക്കാവും. വളരെ ചുരുക്കം ചിലപ്പോള്‍ ഭാര്യയും കൂടെ കാണാറുണ്ട്. കുട്ടികളെ ഒക്കെ കണ്ട കാലം മറന്നിരിക്കുന്നു. അവരുടെ രൂപം തന്നെ മനസ്സില്‍ നിന്നും മാഞ്ഞിരിക്കുന്നു. അത് അല്ലെങ്കിലും അങ്ങനെ തന്നെ അല്ലെ, എത്ര കൗതുകം സമ്മാനിച്ച  മുഖം ആണെങ്കിലും കുട്ടികളുടെ ച്ഛായ നമ്മള്‍ പെട്ടെന്ന് മറക്കും.  പക്ഷെ ഇത്തവണ കുട്ടികളില്‍ ആരോ സാറിന്‍റെ കൂടെ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നാണ് മുരളിയേട്ടന്‍ പറഞ്ഞത്.

മുരളിയേട്ടനും കൃഷ്ണന്‍ സാറും ചെറുപ്പത്തിലെ വലിയ സുഹൃത്തുക്കള്‍ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. രണ്ടു പേരും ജീവിതത്തില്‍ രണ്ടു വഴിക്ക് പോയി എന്നെ ഉള്ളു. കൃഷ്ണന്‍സാര്‍ സിവില്‍ സര്‍വീസ് പരീക്ഷ ഒക്കെ എഴുതി  പാസ്‌ ആയി വളരെ ചെറുപ്പത്തില്‍ തന്നെ നാട്ടില്‍ നിന്നും വിട്ടു പോയിരിന്നു. ഇന്ത്യയില്‍ തന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട് എന്നാണ് കേട്ടിടുള്ളത്. ഇപ്പോള്‍ സ്ഥിരമായി ഡല്‍ഹിയില്‍ തന്നെയാണ്. ഭാര്യ അവിടെ തന്നെ ഒരു ന്യൂസ്‌പേപ്പറില്‍ ചീഫ് എഡിറ്റര്‍ ആണ്, ജാനകി എന്നാണ് അവരുടെ പേര്. സാറിനു നാടിനോടു ഉള്ള പോലെയുള്ള അടുപ്പം ഒന്നും അവര്‍ക്ക് ഇല്ല, കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവര്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ വടക്കേ ഇന്ത്യയില്‍ തന്നെ ആയിരുന്നു. എന്നിരുന്നാലും നല്ല  പോലെ  മലയാളം ഒക്കെ സംസാരിക്കും.

മുരളിയേട്ടനും ഡിഗ്രിയൊക്കെ ഉണ്ട്. പിന്നെ അത് കഴിഞ്ഞു നാട്ടില്‍ തന്നെയങ്ങ് കൂടി. ആദ്യം അല്ലറ ചില്ലറ ബിസിനസ്‌ ഒക്കെ ചെയ്തു പരാജയപ്പെട്ടിരുന്നു എന്നാണ് കേട്ടിടുള്ളത്. പുള്ളിക്ക് ചെറുപ്പത്തില്‍ തന്നെ വണ്ടികളോട് നല്ല കമ്പം ആയിരുന്നു. അങ്ങനെ സ്വന്തം അറിവിനെയും കഴിവിനെയും മാത്രം വിശ്വസിച്ചു പുള്ളി ഒരു വര്‍ക്ക്ഷോപ്പില്‍ തുടങ്ങിയതാണ്‌ ഈ ഫീല്‍ഡില്‍. ഇപ്പോള്‍ സ്വന്തം ആയി ഡീലര്‍ഷിപ്‌ വരെയായി.

കൃഷ്ണന്‍സാര്‍ കേരളത്തില്‍ എത്തിയാല്‍ നാട്ടിലേക്ക് വരുന്നത് മുരളിയേട്ടന്‍റെ കാറില്‍ ആയിരിക്കും. അത് കുറെയേറെ നാളുകളായി ഓടിച്ചിരുന്നതും ഞാന്‍ തന്നെ ആയിരുന്നു. ഇന്ന് സാറിന്‍റെ കൂടെ കുട്ടികള്‍ ആരെങ്കിലും ഉണ്ടാകും എന്നു എന്നോട് പ്രത്യേകം പറഞ്ഞിരുന്നു. അത് പോലെ തന്നെ കാറിലെ A/C ഒക്കെ ശരിക്കും വര്‍ക്ക്‌ ചെയുന്നില്ലെ എന്ന് രാവിലെ രണ്ടു മൂന്ന് തവണ എടുത്തെടുത്തു ചോദിച്ചു. ഞാന്‍ പറഞ്ഞത് വിശ്വാസം അവാഞ്ഞിട്ടെന്ന പോലെ പുള്ളി തന്നെ കാറില്‍ കയറി 5 മിനിറ്റ് ഇരുന്നു എല്ലാം ഉറപ്പു വരുത്തിയതിനു ശേഷം ആണ് എന്നെ വിട്ടത്. ചില മനുഷ്യര്‍ അങ്ങനെ ആണ്.അവര്‍ക്ക് പ്രിയപ്പെട്ടവരുടെ ചെറിയ ചെറിയ സൌഖ്യങ്ങള്‍ പോലും ഒരു അഭിമാനപ്രശ്നം എന്ന പോലെ കൈകാര്യം ചെയ്യും. “ഞാന്‍ ഉണ്ടായിട്ടു എന്‍റെ കൃഷ്ണന്‍റെ കുട്ടികള്‍ ചൂട് സഹിച്ചു യാത്ര ചെയ്യാനോ”.

എന്തോ ആലോചിച്ചു കൊണ്ട് നിന്ന എന്‍റെ മുന്‍പിലേക്ക് പെട്ടെന്ന് കൃഷ്ണന്‍സാര്‍ നടന്നടുത്തു. സാര്‍ വളരെ പെട്ടെന്ന് നടക്കുന്ന ഒരാള്‍ ആണ്. മകള്‍ പുറകെ ഉണ്ട്. ആ കുട്ടി സാറിന്‍റെ ഒപ്പം നടന്നെത്താന്‍ പാട് പെടുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ പെട്ടെന്ന് തന്നെ അവരുടെ കയ്യില്‍ നിന്നു ബാഗ് ഒക്കെ വാങ്ങി കാറിന്‍റെ ഡിക്കിയില്‍ വെച്ചു.

കാറില്‍ കയറിയതും A/C ഓണ്‍ ചെയ്യാന്‍ ഞാന്‍ മറന്നില്ല.

“ഹേയ് അമൃത, ഇത് രാമകൃഷ്ണന്‍, yeah,he is my namesake, ഹഹ… നമ്മുടെ മുരളി അങ്കിളിന്‍റെ ഒരു ബന്ധു ആണ് രാമകൃഷ്ണന്‍. ഞാന്‍ ഇപ്പോള്‍ നാട്ടില്‍ വരുമ്പോള്‍, സ്ഥിരം രാമകൃഷ്ണനാണ് എന്നെ വിളിക്കാന്‍ വരാറ്.”

“എനിക്ക് ചെറിയ ഓര്‍മയുണ്ട് അച്ഛാ, പണ്ട് മുരളി അങ്കിളിന്‍റെ വീട്ടില്‍ പോയതൊക്കെ.”

“മോള്‍ക്ക്‌ അറിയാന്‍ വഴി ഉണ്ട്, പണ്ട് ഇടക്കൊക്കെ നാട്ടില്‍ വരാരുണ്ടായിരുന്നല്ലോ. ഇപ്പോള്‍ കൊറേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാ കാണുന്നത്. മോനെ എന്താ കൊണ്ട് വരാഞ്ഞത് സാര്‍?”

“അയാള്‍ ഇയാളുടെ അത്രേം പോലും നാട്ടിലേക്കു വന്നിട്ടില്ല. ശരിക്കും അയാളും കൂടി സ്കൂളില്‍ പോകാന്‍ തുടങ്ങിയത് കൂടെ ആണ് വരവിന്‍റെ frequency കുറഞ്ഞത്‌, ഇപ്പോള്‍ 4th സ്റ്റാന്‍ഡേര്‍ഡ് ആയി,  കൂടാതെ ഒരു ക്രിക്കറ്റ്‌ കമ്പം കൂടി കേറിയിട്ടുണ്ട് ആള്‍ക്ക്. ഒരു കോച്ചിംഗ് ക്യാമ്പ്‌ ഉണ്ട്, അത് മിസ്സ്‌ ചെയ്യാന്‍ പറ്റില്ല എന്നൊക്കെ, ഇനി ഭാവിയിലെ Tendulkar വല്ലതും ആണെങ്കില്‍ ഞാന്‍ ആയിട്ടു നിരുത്സാഹപ്പെടുത്തേണ്ട എന്ന് കരുതി.”

“ഹഹ നല്ലതാ സാർ കളിക്കട്ടെ, അതിനുള്ള പ്രായമല്ലേ.”

“അതല്ല ഒരു കണക്കിന് വെയിലത്ത്‌ ഇറങ്ങി ദേഹം അനങ്ങി ആണല്ലോ കളിക്കുന്നത്, അല്ലാതെ ഫുള്‍ ടൈം കമ്പ്യൂട്ടറിന്‍റെ മുന്‍പില്‍ അല്ലല്ലോ, അത് തന്നെ സമാധാനം.”

“I know who you are trying to have a poke at dad”

“Oh so you know my dear, that’s good for a start. Now try to never get me to have a poke at you”

“Difficult, but may be I will try”

“Good”

“ഇയാളെ ഇത്തവണ കുറച്ചു ദിവസത്തേക്കു നാട്ടില്‍ നിര്‍ത്തിയിട്ടു പോകാം എന്നാ വിചാരിക്കുന്നത്. ഇപ്പോള്‍ 10th കഴിഞ്ഞുള്ള vacation ആണ്. ഇനി ഇത് പോലെ ഒരു അവസരം കിട്ടിയില്ലെന്ന് വരും. കുറച്ചു നാടിനോട് ഒരു അടുപ്പം വരട്ടെ, അല്ലെങ്കില്‍ അമ്മയെ പോലെ ആയാലോ..”

സാര്‍ അത് പറഞ്ഞു ചിരിച്ചെങ്കിലും ഞാന്‍ ഒരു പാതി പുഞ്ചിരി കൊണ്ടാണ് പ്രതികരിച്ചത്.

പിന്നീടു കുറച്ചു സമയം ആരും ഒന്നും സംസാരിച്ചില്ല. റോഡില്‍ തിരക്കൊന്നും ഇല്ലായിരുന്നത് കൊണ്ട് ഞങ്ങള്‍ അത്യാവശ്യം നല്ല സ്പീഡില്‍ തന്നെ ആയിരുന്നു പോയിക്കൊണ്ടിരുന്നത്. റോഡില്‍ തിരക്കും ബ്ലോക്കും ഉണ്ടാകുമ്പോള്‍ യാത്രക്കാര്‍ സ്ഥിരം ഡ്രൈവറോടു എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. മിക്കപ്പോഴും അത് നമ്മുടെ നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥയെപ്പറ്റി ആയിരിക്കും.

നിശബ്ദതയുടെ ദൈര്‍ഖ്യം കൂടുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ പാട്ട് ഓണ്‍ ചെയ്തു. ഇതിനു മുന്‍പ് ഒരു ദിവസം സാര്‍ മനം മടുത്തിട്ടെന്ന പോലെ പാട്ട് ഓഫ്‌ ചെയ്തിരുന്നു. അന്ന് പുതിയ അടിപൊളി ടൈപ്പ് പാട്ടുകളുടെ സിഡികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ കാറില്‍. പക്ഷെ ഇത്തവണ മുരളിയേട്ടന്‍ എല്ലാം കരുതി തന്നെ ആയിരുന്നു. പുള്ളിയുടെ കളക്ഷന്‍സിലെ പഴയ ഫേവറിറ്റ് പാട്ടുകള്‍ തന്നെ കാറില്‍ കരുതിയിരുന്നു.

” ഓ.. മൃദുലേ… ഹൃദയമുരളിയില്‍….” സാറിന്‍റെ ചുണ്ടുകള്‍ ആ വരികള്‍ക്കൊപ്പം മൂളുന്നുണ്ടായിരുന്നു. സാറിന്‍റെ മകള്‍ പക്ഷെ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ആ കുട്ടി തന്‍റെ മൊബൈലില്‍ പാട്ട് കേട്ട് കൊണ്ട് ഇരിക്കുകയായിരുന്നു.

“എന്താ അല്ലെ ഒരു ശബ്ദം, പണ്ടൊക്കെ ആള്‍ക്കാര്‍ പറയുമായിരുന്നു, ഒരു ദിവസം ഒരിക്കല്‍ പോലും യേശുദാസിന്‍റെ ശബ്ദം കേള്‍ക്കാതെ മലയാളിക്ക് ജീവിക്കാന്‍ കഴിയില്ല എന്നൊക്കെ. പക്ഷെ  ഇന്ന് അങ്ങനെ നോക്കിയാല്‍ യേശുദാസിന്‍റെ പാട്ട് കേള്‍ക്കാതെയുള്ള ദിവസങ്ങള്‍ ഒക്കെ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ട്.പക്ഷെ ഇത്രയും എന്താ പറയുക…. ഒരു easily recognizable ആയ ഒരു വോയിസ്‌ ഉണ്ടാവില്ല. ഇപ്പോള്‍ പല പാട്ടുകളും ആരാ പാടിയതെന്ന് പോലും കേള്‍ക്കുന്നവര്‍ക്ക് അറിയില്ല.”

****

എനിക്ക് വീണ്ടും ഉറക്കം വരാന്‍ തുടങ്ങിയിരുന്നു. മുന്‍പില്‍ പോയ കാറിന്‍റെ പുറകില്‍ സാധാരണയിലും അധികം അടുത്ത് ചേര്‍ന്നു ഒന്ന് ബ്രേക്ക്‌ ചെയ്തോ എന്നൊരു സംശയം.

“എന്താടോ, തനിക്കു ഉറക്കം വരുന്നുണ്ടോ, നമുക്ക് എവിടെയെങ്കിലും നിര്‍ത്തി ചായ വല്ലതും കുടിച്ചിട്ട് പോകണോ ?”

“ഹേ, അതൊന്നും വേണ്ട സാര്‍, ഇനി അധികം ദൂരമൊന്നും ഇല്ലല്ലോ”.

ഞങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ഉറക്കം വന്നാലും ഒരു ചെറിയ കോട്ടുവായ ഇട്ടു അതിനെ അകറ്റി നിര്‍ത്താനുള്ള ഒരു കഴിവ് ഈശ്വരന്‍ തന്നിട്ടുണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്.

“അമൃത, മോളു ആ ആല്‍ബം എടുത്തിട്ടില്ലേ അച്ഛന്‍റെ. ആ പഴയ ഫോട്ടോസ് ഒക്കെ ഉള്ളത്”.

“ദാ , ഈ ബാഗില്‍ ഉണ്ട്, ദാ എടുത്തോളു”

“അതില്‍ ദാ ഇയാളുടെ ഒന്ന് രണ്ടു ഫോട്ടോസ് ഉണ്ട് എന്നാ എനിക്ക് തോന്നുന്നത്, നോക്കട്ടെ.”

സാര്‍ തിരഞ്ഞു പിടിച്ചു ഒരു ഫോട്ടോ എടുത്തു. ഫോട്ടോയുടെ അരികു ഒക്കെ ആല്‍ബത്തിന്‍റെ താളില്‍ ഒട്ടിപ്പിടിച്ചു വെളുത്തു പൂപ്പല്‍ പിടിച്ച പോലെയായിരുന്നു. എങ്കിലും മുഖം വ്യക്തമായി കാണാം. എന്നെ എടുത്തിരിക്കുകയാണ് ആരോ. മുരളിയേട്ടന്‍ ആണെന്ന് തോന്നുന്നു.

“തനിക്കു ഒരു രണ്ടു വയസ്സ് കാണും ഈ ഫോട്ടോയില്‍, അല്ലേടോ…”

“മോളു, Have you seen all the pictures in it ? ഞങ്ങളുടെ ഒക്കെ ബാല്യത്തിന്‍റെ സൂക്ഷിച്ചു വെയ്ക്കാന്‍ കഴിഞ്ഞ വളരെ കുറച്ചു നിമിഷങ്ങള്‍…”

“Yes, but why so few pictures?”

“Yeah, that’s what I said, very few only. May be we where too busy living…”

“നിങ്ങളുടെ ഒരു Facebook ആല്‍ബത്തില്‍ കാണും ഇതിന്‍റെ മൂന്നിരട്ടി ഫോട്ടോസ്. പിന്നെ അന്ന് പലര്‍ക്കും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തന്നെ ചമ്മല്‍ ആയിരുന്നു. ഇതില്‍ തന്നെ ദാ നോക്ക്, എവിടെ….ആഹ്, ഇത് തന്നെ നോക്കൂ, മുരളിയുടെ അനിയത്തി ആണ് ഇത്, മായ, ദാ മുരളിയുടെ സൈഡില്‍ നില്‍ക്കുന്നത്. എന്ത് നാണിച്ചാ നില്കുന്നതെന്ന് നോക്കു, എല്ലാം ഒരു കൌതുകം ആയിരുന്നു അന്നു. അതില്‍ പരം ഒന്നും അറിയാത്ത ഒരു കാലം.”

“അച്ഛാ, ഇനിയെങ്കിലും ഈ lost generation sentiments ഒന്ന് നിര്‍ത്താമോ, അച്ഛന് അറിയാമല്ലോ, ഞാന്‍ നാട്ടില്‍ അധികം ജീവിച്ചിട്ടിലെങ്കിലും നാടിനെപ്പറ്റി ഒന്നുമറിയാത്ത ഒരു സില്ലി ഗേള്‍ ഒന്നുമല്ല എന്ന്. I have strong roots, and all credit to you for that.”

“Oh, Thank you for that, പക്ഷെ ഈ ടിന്റ്റെഡ് ഗ്ലാസ്‌ പലപ്പോഴും നമുക്കും ചുറ്റുമുള്ള ലോകവുമായി ഒരു ബൌണ്ടറി, ഒരു ബാരിയെര്‍ സൃഷ്ടിക്കുന്നത് പോലെ. കുറച്ചു സമയം ആ ഗ്ലാസ്‌ തുറന്നിട്ടോളു.. നമ്മള്‍ വീട് എത്താറായി, ഇപ്പോളും നഷ്ടപ്പെടാത്ത ഒരു സുഗന്ധം ഇവിടുത്തെ കാറ്റിനുണ്ടെങ്കില്‍ നഷ്ടപ്പെടുത്തേണ്ട.”

പുറത്തെ പച്ചപ്പു നോക്കിയിരുന്ന അദ്ദേഹം ആ കാറ്റേറ്റിട്ടാണോ എന്നറിയില്ല ഒരു ചെറിയ മയക്കത്തിലേക്കു വഴുതി വീണിരുന്നു. അപ്പോഴും ആ പരിചിത ശബ്ദം പാടിക്കൊണ്ടേയിരുന്നു. “ജനം ജനം സേ ഹേ ഹം തോ പ്യാസേ….ആ സംഗ് മേരെ ഗാ…”

****

Inspiration for this story : A picture story on the August 19th edition of the Open Magazine.

Advertisements

നനഞ്ഞ കുട

Standard

ജൂണ്‍ 1 . എല്ലാ മാസവും ഒന്നാം തീയതി ഉണ്ടെങ്കിലും ഏറ്റവും അധികം വിമുഖതയോടെ നമ്മള്‍ വരവേറ്റിരുന്നതു  ഈ ദിവസത്തെ ആയിരുന്നു എന്ന് തോന്നുന്നു. ഒരു അവധിക്കാലവും നമുക്ക് മതിവരുന്നോളമായിരുന്നില്ല. ജൂണ്‍ 1 -7  വരെ ഉള്ള ഏതെങ്കിലും ദിവസങ്ങളില്‍ ആയിരുന്നു സ്കൂ ളിലേക്കുള്ള ആ മടങ്ങിപ്പോക്ക്. ജൂണ്‍ മാസത്തിലെ ആദ്യത്തെ ബുധനാഴ്ച്ച.     നമ്മുടെ പ്രാര്‍ഥനയുടെ ശക്തി അനുസരിച്ചോ അതോ   അവധിക്കാലത്തു ചെയ്ത പാപങ്ങളുടെ കാഠിന്യം അനുസരിച്ചോ അതോ ഇടവപ്പാതിയുടെ വരവിനെ അനുസരിച്ചോ ഓരോ വര്‍ഷവും നമ്മുടെ മനസ്സിന്‍റെ കലണ്ടറില്‍ ആ തീയതി കുറിച്ചിട്ടിരുന്നു. ചുവപ്പിലോ കറുപ്പിലോ ?ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല. പുസ്തകത്തേക്കാള്‍ കുട ഒരു ആവശ്യകത ആയ ഒരു പുതുവര്‍ഷത്തിന്ടെ  ആദ്യ ദിനങ്ങള്‍. മഴ നനഞ്ഞാല്‍ പനി പിടിക്കില്ല എന്ന പുരോഗമന ശാസ്ത്രമൊക്കെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതിനും മുന്പുള്ള നാളുകള്‍.  മഴയ്ക്കു ചാര്‍ത്തപ്പെട്ടു നല്കിയിരിക്കുന്ന കാവ്യ സങ്കല്‍പ്പങ്ങള്‍ മനസ്സില്‍ പതിയുന്നതിനും മുന്‍പുള്ള നാളുകള്‍. പക്ഷെ മനസ്സില്‍ പതിഞ്ഞ ഒന്നുണ്ട്‌. ആ മഴയുടെ മണം. പക്ഷെ അത് മഴയുടെ മാത്രം മണം ആയിരുന്നില്ല. പുതിയ യുണിഫോമുകള്‍, പുതിയ ബുക്കുകള്‍. വരയിട്ടതും ഇടാത്തതും ആയവ. ഒരു മുറ പോലെ ബ്രൌണ്‍ പേപ്പര്‍ കൊണ്ടു പൊതിഞ്ഞ പുസ്തകങ്ങള്‍. നിവര്‍ത്തു വെച്ചിരിക്കുന്ന ഉണങ്ങാത്ത കുടകള്‍, അവയില്‍ നിന്ന് ഇറ്റു  വീഴുന്ന മഴത്തുള്ളികള്‍. ഇവയെല്ലാം ഒരു ക്ലാസ്സ്‌ റൂമിന് ഒരു പ്രത്യേക ഗന്ധം പകര്‍ന്നിരുന്നു. ഇന്ന് നമ്മുടെ  മനസ്സിന്‍ടെ കലണ്ടറില്‍ അങ്ങനെ ഒരു ബുധനാഴ് ച കുറിച്ച് ഇട്ടു കിടപ്പില്ല. പക്ഷെ ഇടവപ്പാതി  മഴയും നനഞ്ഞ കുടയും  നമുക്ക്  ആ മണം ഇന്ന് വീണ്ടും കൊണ്ടു വന്നു തരുന്നു. അതെ ജൂണ്‍ 1 ഇതാ ഇവിടെ. ഒരു വിമുഖതയും ഇല്ലാതെ നാം  ഇന്നതിനെ വരവേല്‍ക്കുമ്പോള്‍ ഒരായിരം ബാല്യങ്ങള്‍  ഒരല്‍പ്പം അമര്‍ഷത്തോടെ ഉണരട്ടെ എന്ന്  പ്രതീക്ഷിക്കുന്നു.